Tuesday 21 May 2019

"യുവ" രാജാവ് കളമൊഴിയുന്നു....

അങ്ങനെ ആ വസന്തവും മങ്ങുകയാണ്!! ബാറ്റിങ്ങിന്റെയും,ഫീൽഡിങ്ങിന്റെയും അതിലുപരി ഗ്ലാമറിന്റെയും മനോഹാരിത കൊണ്ട് ക്രിക്കറ്റ്‌ മൈതാനങ്ങളുടെ പുൽനാമ്പുകളെയും,ഗ്യാലറികളെയും കമന്ററി ബോക്സുകളെയും ഒന്നടങ്കം  കോരിത്തരിപ്പിച്ച ആ ഇടം കൈയ്യൻ രാജാവിനും ഒരു  സുഗമമായ യാത്രയയപ്പൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, കുറച്ച് കാലങ്ങളായി ഇന്ത്യൻ കായിക ലോകം അങ്ങനെയാണ്. പുതിയത് വരുമ്പോൾ പഴയതിനെ പാടേ മറന്ന് തള്ളും. പുതിയ ഇന്നിങ്‌സുകളുടെ പിഴവുകൾ ചികഞ്ഞെടുത്ത് പരിഹാസച്ചിരി ചിരിക്കും. അവസരം ഒത്തു വന്നാൽ പുച്ഛ ഭാവത്തോടെ കൊഞ്ഞനം കുത്തുകയും ചെയ്യും. അതൊക്കെ ആധുനിക കളി പ്രേമികളുടെ ഒരു പ്രത്യേക തരം സ്പോർട്സ് മാൻ സ്പിരിറ്റ് ആയി മാത്രമേ കാണേണ്ടതുള്ളൂ. എങ്കിലും, രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതോടൊപ്പം ഖജനാവിന്റെ കനവും  വർധിപ്പിച്ചു കൊടുത്ത BCCIയും അതേ നാണയത്തിന്റെ മറുവശമാകുമ്പോൾ ഉള്ളിൽ  നല്ല സങ്കടമുണ്ട് എന്ന് പറയാതെ വയ്യ! 
           

      രോഗം മൂർച്ഛിച്ച് പിച്ചിൽ   ഛർദിയുടെ അതിപ്രസരം കാണിച്ചിട്ടും രാജ്യത്തിന്റെ വിജയം കാണാതെ ക്രീസ് വിടാൻ മനസ്സ് കാണിക്കാത്ത ആ യുവരാജാവിനെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ മറക്കുകില്ല.

ഒരു മത്സരം തോറ്റപ്പോൾ കളിക്കുപ്പായം ഊരി വീശിയ നായകന് അതേ നാണയത്തിൽ മറുപടി നൽകാൻ അവസരം ഒരുക്കിയ ഇന്നിംഗ്സ് തീർത്ത ലോർഡ്‌സിലെ Nat West സീരീസും ഒരു കാലവും മറക്കുകില്ല.

അന്ന്  നിലവിൽ ഏറ്റവും നല്ല പേസ് ബൗളറുടെ ആറു പന്തിൽ ആറെണ്ണവും ഗ്യാലറിക്ക് മുകളിലൂടെ പറപ്പിച്ച ഇന്നിംഗ്സിലൂടെ രാജ്യത്തിനെ പ്രഥമ T20 ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇന്നിംഗ്‌സും ക്രിക്കറ്റ്‌ മരിക്കുവോളം മറക്കുകില്ല.

നീണ്ട 28 വർഷത്തിന് ശേഷം വീണ്ടും ODI വിശ്വകപ്പിൽ മുത്തമിടാൻ രാജ്യത്തിന്‌ കഴിഞ്ഞപ്പോൾ ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി മാറിയ  പ്രകടനവും ഞങ്ങളുടെ  മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ  ആവില്ല!

കാലങ്ങളായി അകന്ന് കഴിയുന്ന മാതാപിതാക്കളുടെ മുമ്പിലും ക്രിക്കറ്റ്‌ എന്ന ആവേശം കെടാതെ സൂക്ഷിച്ച ആ ദൃഢമായ മനസിനെയും ഒരാൾക്കും വിസ്മരിക്കാൻ ആവില്ല..

അവസാനം കാൻസർ എന്ന മഹാരോഗത്തെ ആത്മധൈര്യം എന്ന ദിവ്യ ഔഷധം കൊണ്ട് മറികടന്ന ആ വീര യോദ്ധാവിനെയും മറക്കുകില്ല. അങ്ങനെ,എല്ലാം എല്ലാം ഇന്നലെകളിലെ സുവർണ്ണ നിമിഷങ്ങളായി യഥാർത്ഥ  ക്രിക്കറ്റ്‌ പ്രേമികളുടെ  കണ്ണുകളെയും മനസ്സുകളെയും പുളകമണിയിച്ചു കൊണ്ടേയിരിക്കും യുവി!!

ആരൊക്കെ നിങ്ങളെ നാണം കെടുത്തിയാലും, തള്ളിപ്പറഞ്ഞാലും നിങ്ങളിലെ  പ്രതിഭയുടെ മിന്നലാട്ടം കണ്ടവർ നിങ്ങളെയും നിങ്ങളുടെ ക്രിക്കറ്റ്‌ ജീവിതത്തെയും നെഞ്ചോട് ചേർത്ത് വെക്കുക തന്നെ ചെയ്യും!!
#Respect_Yuvi_the_real_fighter 🥰🥰😘💐✌ Thank You Yuvi 😍😍😍

2 comments: